ന്യൂഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് വഴി എടുക്കാവുന്ന തുകയുടെ പരിധികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ മാസം 10,000 രൂപ മാത്രമേ എടുക്കാന്‍ കഴിയൂവെന്ന് റിസര്‍വ്വ്ബാങ്ക് വ്യക്തമാക്കി. നേരത്തെ ഇത് ആഴ്ച്ചയില്‍ 24,000രൂപയായിരുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ തുടരുമ്പോഴാണ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം വീണ്ടും വരുന്നത്.
പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിപ്രകാരമുള്ള ഈ അക്കൗണ്ടുകള്‍ വഴി കളളപ്പണം വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നു എന്നാരോപിച്ചാണ് കേന്ദ്രത്തിന്റെ നടപടി. പരിധി കഴിഞ്ഞുളള തുക പിന്‍വലിക്കണമെങ്കില്‍ ഇടപാടുകള്‍ നിയമപരമാണെന്ന് ബാങ്ക് മാനേജര്‍ക്ക് ബോധ്യപ്പെടണം. എങ്കില്‍ മാത്രമെ പരിധിക്കപ്പുറത്തുള്ള തുക പിന്‍വലിക്കാന്‍ കഴിയുകയുള്ളു. കര്‍ഷകരെയും ഗ്രാമീണരെയും സംരക്ഷിക്കാനും കള്ളപ്പണം തടയാനുമാണ് പുതിയ നടപടിയെന്നാണ് റിസര്‍വ്വ് ബാങ്ക് പറയുന്നത്.
നോട്ട് നിരോധനം നടന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ അക്കൗണ്ടുകളില്‍ എത്തിയത് 27,200കോടി രൂപയാണ്. പദ്ധതിപ്രകാരം രാജ്യത്ത് 25കോടിയിലധികം അക്കൗണ്ടുകളുണ്ട്.