തിരുവനന്തപുരം: ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുടങ്ങുന്നത്.
ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം ക്രമീകരണം നടത്താം.
ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും. അതിനിടെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സില്‍ എല്ലാ ദിവസവും വൈകിട്ടത്തെ ആവര്‍ത്തന ക്ലാസ് കാണാം. കുട്ടികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും യാത്രാ പാസും ഉള്‍പ്പെടെ നല്‍കിയിട്ടില്ലാത്തതിനാല്‍ സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.