അഷ്‌റഫ് വേങ്ങാട്ട്
റിയാദ്:സഊദിയില്‍ അഴിമിതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഉന്നതര്‍ പിടിയിലായി. രാജ്യസുരക്ഷാ വിഭാഗത്തിലെ മുന്‍ മേജര്‍ ജനറല്‍, മുന്‍ ബ്രിഗേഡിയര്‍ ജനറല്‍, ആഭ്യന്തരമന്ത്രാലയത്തിലെ മുന്‍ ഉപദേഷ്ടാവ്, മുന്‍ വിദേശകാര്യസഹമന്ത്രി എന്നിവരടക്കം നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും അടക്കമുള്ളവരാണ് അഴിമതിക്കേസില്‍ പിടിയിലായതെന്ന് സഊദി അഴിമതി വിരുദ്ധ സമിതി വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ പേരില്‍ ബ്രിഗേഡിയറും മേജര്‍ ജനറലും ഉപദേഷ്ടാവും രണ്ട് ബിസിനസുകാരും രണ്ട് അറബ് വംശജരുമാണ് പിടിയിലായത്. 23,485,000 റിയാലിന്റെ പ്രൊജക്ടില്‍ 11,000,000 റിയാലാണ് കൈപറ്റിയതെന്ന് നസാഹ വിഭാഗം വ്യക്തമാക്കി.
ഭൂമി വാങ്ങിയ കേസില്‍ റെഡ് ക്രസന്റ് സാമ്പത്തിക വിഭാഗം ഡയറക്ടര്‍ ജനറലിനെയും നികുതിയടക്കാതെ സിഗരറ്റ് ഇറക്കുമതിക്ക് കൂട്ടുനിന്ന മൂന്ന് സ്വദേശികളെയും മൂന്നു വിദേശികളെയും 3000 റിയാല്‍ വീതം കൈപറ്റി 203 വിസകള്‍ നിയമവിരുദ്ധമായി ഇഷ്യു ചെയ്യാന്‍ കൂട്ടുനിന്നതിന് മുന്‍ വിദേശകാര്യ സഹമന്ത്രിയെയും പിടികൂടിയതായി സമിതി അറിയിച്ചു. വിദേശ രാജ്യത്തെ എംബസിയിലെ അംബാസഡറും മൂന്നു ഉദ്യോഗസ്ഥരും, സക്കാത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍, യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥന്‍, ബലദിയ മേധാവി, ജവാസാത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍, നാവിക സേനയിലെ ബ്രിഗേഡിയര്‍ തസ്തികയിലെ രണ്ട് ഉദ്യോഗസ്ഥര്‍, ഏതാനും കമ്പനി മേധാവികള്‍ എന്നിവരും മറ്റു കേസുകളില്‍ പിടിയിലായവരില്‍ ഉള്‍പെടുമെന്നും അഴിമതി വിരുദ്ധ സമിതിയുടെ അറിയിപ്പില്‍ പറയുന്നു. പിടിയിലായവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ പുരോഗമിക്കുന്നതായും നസാഹ വിഭാഗം അറിയിച്ചു.