ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ എന്നിവരുടെ നീക്കം. ഇതിനായി പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പി.ഡി.പിയുടെ അല്‍ത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ പി.ഡി.പിയില്‍ നിന്ന് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനാണ് പുതിയ സഖ്യനീക്കം.
ജമ്മു കശ്മീരില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം സാധ്യമായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും. 44 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
സഖ്യസര്‍ക്കാറില്‍ ചേരില്ലെന്നും പുറത്ത് നിന്ന് പിന്തുണക്കുമെന്നുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നിലപാട്. മെഹ്ബൂബ മുഫ്തിയാണ് നേരത്തെ മുഖ്യമന്ത്രിയായിരുന്നത്. എന്നാല്‍ ഇത്തവണ അല്‍ത്താഫ് ബുക്കാരി ആവുമെന്നാണ് റിപ്പോര്‍ട്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ബുക്കാരി പറഞ്ഞു.