X

ജമ്മു കശ്മീരില്‍ വീണ്ടും നിര്‍ണായക നീക്കത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 2018 ഡിസംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജമ്മു കശ്മീരില്‍ ഉടന്‍ നടന്നേക്കും. 316 ബ്ലോക്ക് വികസന കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിനെ, എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി, കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്ന ഒക്ടോബര്‍ 31-ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ജമ്മു കശ്മീരില്‍ ജനാധിപത്യ പ്രക്രിയകള്‍ നടക്കാനിരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവ് കൊണ്ടുവരുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ആഗോള സമൂഹത്തിന് മുന്നില്‍ തെരഞ്ഞെടുപ്പുള്‍പ്പടെയുള്ള പ്രക്രിയകള്‍ നടക്കുന്നതായി അറിയിക്കുന്നത് പാകിസ്ഥാനെതിരെ ഇന്ത്യക്ക് സ്വന്തം വാദങ്ങള്‍ക്ക് ബലം പകരുന്നതാകും.

പ്രാദേശികഭരണസംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനിയും ജമ്മു കശ്മീരില്‍ പൂര്‍ത്തിയായിട്ടില്ല. നിയമസഭ പിരിച്ചുവിട്ട നിലയിലുമാണ്.

വോട്ടര്‍ പട്ടിക അന്തിമമാക്കുന്നതുള്‍പ്പടെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയായെന്നാണ് വിവരം. നേരത്തേ ഈ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാരണം മാറ്റി വയ്ക്കുകയായിരുന്നു.

web desk 1: