ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഗാനോപോറയില്‍ സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്.ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ മൂന്നു പേരുടെ മരണം സ്ഥിരീകരിക്കുമ്പോള്‍ പൊലീസ് ഒരാള്‍ മരിച്ചതായാണ് പറയുന്നത്. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മൂന്നു പേര്‍ മരിച്ചതായും ഇവരെ പുല്‍വാമ, രാജ്‌പോര, ശ്രീനഗര്‍ എന്നിവിടങ്ങളിലെ ആസ്പത്രിയിലെത്തിച്ചതായും ഷോപിയാന്‍ മെഡിക്കല്‍ ഓഫീസര്‍ അബ്ദുല്‍ റഷീദ് നജര്‍ അറിയിച്ചു. അതേ സമയം സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സിവിലിയന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു പരിക്കേറ്റതായും എ. ഡി. ജി.പി മുനീര്‍ഖാന്‍ അറിയിച്ചു. പരിക്കേറ്റവരെ പുല്‍വാമയിലെ ആസ്പത്രിയിലേക്കു മാറ്റിയതായും സൈനികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. സൈനിക വെടിവെപ്പില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ്‌വരയില്‍ ഇന്ന് ബന്ദ് ആചരിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
ചായ്ഗുണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ ഒരു ബാലന്‍ കൊല്ലപ്പെടുകയും നാല് പെണ്‍കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സുരക്ഷാ സേനക്കു നേരെ പ്രതിഷേധക്കാര്‍ നിരവധി തവണ കല്ലേറ് നടത്തിയിരുന്നു. 2016 ജൂണില്‍ ഹിസ്ബുള്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് ശേഷം കശ്മീര്‍ താഴ്‌വര സംഘര്‍ഷ ഭരിതമാണ്.