X

ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ്: 90 സീറ്റുകളില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒരുമിച്ച് മത്സരിക്കും

വരാനിരിക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എല്ലാ സീറ്റിലും സഖ്യം ഉറപ്പിച്ചതായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്മീരില്‍ ഇന്ത്യ സഖ്യത്തിലെ മൂന്ന് ഘടക കക്ഷികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ഒന്നിക്കാനുള്ള സാധ്യതയുണ്ടെന്നും സഖ്യകക്ഷികള്‍ സൂചന നല്‍കി.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ ഫാറൂഖ് അബ്ദുള്ള മകന്‍ ഒമര്‍ അബ്ദുള്ള എന്നിവരുമായി ശ്രീനഗറില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

‘ഞങ്ങള്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നല്ലൊരു കൂടിക്കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സഖ്യം രൂപീകരിക്കാന്‍ തീരുമാനമെടുത്ത് കഴിഞ്ഞു, അത് നല്ല രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്യും. നിലവില്‍ 90 സീറ്റുകളിലും ഒരുമിച്ച് മത്സരിക്കാനാണ് തീരുമാനം.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ ഒരുമിച്ച് പോരാടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എത്രയും വേഗത്തില്‍ തന്നെ ഇരുപാര്‍ട്ടികളും സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കും,’ ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.

10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിലായി നടക്കുന്ന തെരഞ്ഞെടുപ്പ് സെപ്തംബര്‍ 18ന് ആരംഭിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.

2008ലാണ് ഇതിന് മുമ്പ് കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ജമ്മു കശ്മീരില്‍ അധികാരത്തില്‍ വരുന്നത്. അന്ന് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. എന്നാല്‍ 2014ലെ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സഖ്യമില്ലാതെ മത്സരിച്ചപ്പോള്‍ പി.ഡി.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി .

അന്ന് ബി.ജെ.പിയുടെ പിന്തുണയോടെ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും 2018ല്‍ ബി.ജെ.പി പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുത്തിരുന്നു. അന്ന് കോണ്‍ഗ്രസിന് 12 സീറ്റും നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുമാണ് ലഭിച്ചത്.

എന്നാല്‍ പി.ഡി.പി, സഖ്യത്തില്‍ ചേരാനുള്ള സാധ്യതയെ കോണ്‍ഗ്രസ്-എന്‍.സി സഖ്യം പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല. ആദ്യം തെരഞ്ഞെടുപ്പ് നടക്കട്ടെ അതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.

webdesk13: