ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച മലയാളികളുടെ മൃതദേഹം സർക്കാർ ഇടപെടലിൽ നാട്ടിലെത്തിക്കും. ഇതിനായി നോർക്കയുടെ 3 ഉദ്യോഗസ്ഥർ ശ്രീനഗറിലേക്ക് തിരിച്ചു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളുൾപ്പെടെ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയും ഉറപ്പാക്കും.
പാലക്കാട് ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന് സമീപം നെടുങ്ങോട് പരേതനായ രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), ശിവന്റെ മകൻ വിഘ്നേഷ് (21), പരേതനായ കൃഷ്ണന്റെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. വാഹന ഡ്രൈവർ ജമ്മു കശ്‌മീർ സ്വദേശി ഐജാസ് അഹമ്മദും മരിച്ചു. മരിച്ച രാഹുലിന്റെ സഹോദരൻ രാജേഷ് (32), മനോജ് (24), അരുൺ (26) എന്നിവരാണ് ചികിത്സയിലുള്ളത്. ഒരാളുടെ നില ഗുരുതരമാണ്.