Categories: Newsworld

പകരച്ചുങ്ക നടപടിയില്‍ അമേരിക്കയെ കാത്തിരിക്കുന്നത് പണപ്പെരുപ്പവും മാന്ദ്യവുമെന്ന് മുന്നറിയിപ്പ് നല്‍കി ജാമി ഡിമോണ്‍

ട്രംപ് നടപ്പാക്കിയ പകരച്ചുങ്കത്തിന്റെ വരുവരായികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡിമോണ്‍. പുതിയ നടപടികള്‍ പണപ്പെരുപ്പത്തിനും യുഎസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ഡിമോണ്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ പോലുള്ള രാജ്യങ്ങളോട് യുഎസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുന്നതിനുപകരം അവരുമായി കൂടുതല്‍ അടുത്ത വ്യാപാര ബന്ധം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ധനകാര്യ സേവന സ്ഥാപനമാണ് ജെപി മോര്‍ഗന്‍ ചേസ്. തിങ്കളാഴ്ച പുറത്തിറക്കിയ ഓഹരി ഉടമകള്‍ക്കുള്ള വാര്‍ഷിക കത്തില്‍ പ്രത്യേകിച്ച് ഇന്ത്യ, ബ്രസീല്‍ പോലുള്ള വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളുമായി കൂടുതല്‍ സഹകരണപരമായ ആഗോള വ്യാപാര തന്ത്രത്തിന് ആഹ്വാനം ചെയ്തു

‘സമീപകാല താരിഫുകള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്, ഇത് മാന്ദ്യത്തിന്റെ കൂടുതല്‍ സാധ്യതയെക്കുറിച്ച് പലരും ചിന്തിക്കാന്‍ കാരണമാകുന്നു. താരിഫുകള്‍ ലോകമെമ്പാടുമുള്ള യുഎസ് സാമ്പത്തിക സഖ്യങ്ങളെ തകര്‍ക്കും. നിര്‍ബന്ധിത നയങ്ങള്‍ക്ക് പകരം, ചേരിചേരാ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര, നിക്ഷേപ ബന്ധങ്ങളാണ് വേണ്ടത്. ഇന്ത്യ, ബ്രസീല്‍ പോലുള്ള നിരവധി ചേരിചേരാ രാഷ്ട്രങ്ങളോട് നമ്മളോടൊപ്പം ചേരാന്‍ ആവശ്യപ്പെടേണ്ടതില്ല, പക്ഷേ വ്യാപാരത്തിനും നിക്ഷേപത്തിനും സൗഹൃദപരമായ കൈ നീട്ടിക്കൊണ്ട് നമുക്ക് അവരെ നമ്മിലേക്ക് അടുപ്പിക്കാന്‍ കഴിയും’ -ഡിമോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കെതിരെയുള്ള അമേരിക്ക പ്രക്യാപിച്ച പകരച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയ്ക്ക് 26 ശതമാനം ആണ് തീരുവ. വിഷയത്തില്‍ 70 രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറായെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

യുഎസ് പ്രഖ്യാപിച്ച 34 ശതമാനം തീരുവകള്‍ക്കെതിരെ ചൈന പ്രതികാര നടപടികള്‍ എടുത്തതിനെ തുടര്‍ന്ന് 104 ശതമാനം അധിക തീരുവയാണ്ഏര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കയുടെ വ്യാപാരരംഗത്തെ ഭീഷണി ചെറുക്കാന്‍ സജ്ജമാണെന്നാണ് ചൈനയുടെപ്രത പ്രതികരണം. അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതല്‍ക്കൂട്ടാണെന്ന് ട്രംപ് പ്രതികരിച്ചു. ചുങ്കം ലോകരാജ്യങ്ങള്‍ തമ്മിലുള്ള സമ്പൂര്‍ണ വ്യാപാരയുദ്ധമായി മാറുമെന്നാണ് വിലയിരത്തല്‍.

ഡിസ്‌കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്ക് മേലുള്ള നികുതി പ്രഖ്യാപിച്ചത്. പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ശരാശരി 9.5 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ശരാശരി മൂന്ന് ശതമാനമാണ് തീരുവ. കഴിഞ്ഞ ദിവസവും പകര തീരുവ പ്രഖ്യാപനം അമേരിക്കന്‍ വിപണിക്ക് വന്‍തിരിച്ചടിയായിരുന്നു. ട്രംപിന്റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോണ്‍സ് സൂചിക 1200 പോയിന്റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആന്‍ഡ് പി 500 സൂചികകള്‍ക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും വലിയ പതനമായിരുന്നു ഇത്.

webdesk18:
whatsapp
line