X
    Categories: indiaNews

30 ‘ജാമിഅ ജിഹാദി’കളില്‍ 14ഉം ‘ഹിന്ദു ജിഹാദികള്‍’; ജാമിഅ വൈസ് ചാന്‍സലര്‍

ന്യൂഡല്‍ഹി: ജാമിഅയില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാര്‍ഥികള്‍ക്കെതിരേ സുരേഷ് ചൗഹാന്‍കെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ജാമിഅ വൈസ് ചാന്‍സലര്‍. ആഗസ്ത് 25ന് ചൗഹാന്‍കെ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സിവില്‍ സര്‍വീസില്‍ മുസ്ലിം പ്രാതിനിധ്യം വര്‍ധിച്ചതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ഐഎഎസ് നേടിയവരെ ജാമിഅയുടെ ജിഹാദികള്‍ എന്നു വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തില്‍ കുപ്രസിദ്ധനാണ് സുരേഷ് ചൗഹാന്‍കെ.

ജാമിയ മില്ലിയ ഇസ്ലാമിയയുടെ സെന്റര്‍ ഫോര്‍ കോച്ചിങ് ആന്റ് കരിയര്‍ പ്ലാനിങ് (ആര്‍സിഎ)യില്‍ പഠിച്ച 30 വിദ്യാര്‍ഥികള്‍ ഐഎഎസിന് യോഗ്യത നേടിയിരുന്നു. ഇതില്‍ 14 പേരും ഹിന്ദു വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് നിലവിലെ യുപിഎസ്സി ഫലങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍സിഎയില്‍ നിന്ന് 30 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിവില്‍ സര്‍വീസിന് യോഗ്യത നേടിയത്.

അതില്‍ 16 പേര്‍ മുസ്‌ലിംകളും 14 പേര്‍ ഹിന്ദുക്കളുമാണ്. എല്ലാവരെയും ജിഹാദികള്‍ എന്ന് വിളിച്ചിരുന്നതിനാല്‍ 16 മുസ്ലിം ജിഹാദികളും 14 പേര്‍ ഹിന്ദു ജിഹാദികളുമാണ്. ജിഹാദികള്‍ക്ക് ഇന്ത്യ പുതിയ മതേതര നിര്‍വചനം നല്‍കിയിട്ടുണ്ടെന്നും ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ജാമിഅ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിവരില്‍ അഞ്ചു ശതമാനം മുസ്ലിം വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പുറത്തിറക്കിയ പട്ടികയില്‍ 829 ഉദ്യോഗാര്‍ഥികളില്‍ 42 പേരാണ് മുസ്ലിം വിഭാഗത്തില്‍നിന്നുള്ളത്. കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മുസ്ലിം പ്രാതിനിധ്യമാണിത്.

അതേസമയം, ചവാങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് ജാമിയ അധികൃതര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യന്‍ പോലിസ് സര്‍വീസ് അസോസിയേഷന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഇയാളുടെ പരാമര്‍ശത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. ആഗസ്ത് 28 ന് ഡല്‍ഹി ഹൈക്കോടതി ചവാങ്കെയുടെ ഷോയുടെ പ്രക്ഷേപണം സ്റ്റേ ചെയ്തിരുന്നു.

 

web desk 1: