ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാറ്റിവെച്ചു. വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ക്യാമ്പസിലെ ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിച്ചിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം.
ക്യാമ്പസിനകത്ത് ഒരു തരത്തിലുള്ള ഒത്തുകൂടലും അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ക്യാമ്പസിനകത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്നതെന്ന് സര്‍വകലാശാലാ അധികൃതര്‍ കുറ്റപ്പെടുത്തി. സര്‍വകലാശാലയുടെ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
വിദ്യാര്‍ഥികളെ കരുതല്‍ തടങ്കലില്‍വെച്ചതിനെതിരെ വിദ്യാര്‍ഥികള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. യൂണിവേഴ്‌സിറ്റിയിലെ എല്ലാ ഗേറ്റുകളും അടച്ചു.