X

ജസ്‌നയുടെ തിരോധാനം: പൊലീസ് പരിശോധനയെക്കുറിച്ച് പിതാവിന്റെ പ്രതികരണം

പത്തനംത്തിട്ട: കാണാതായി 90 ദിവസത്തോളം പിന്നിട്ടിട്ടും ജസ്‌ന മരിയ ജെയിംസിനെക്കുറിച്ച് ഇതുവരെയും കൃത്യമായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ജസ്‌നയുടെ പിതാവിന്റെ വീട്ടില്‍ പരിശോധന നടത്തിയും പൊലീസ് കേസില്‍ നിര്‍ണായക നീക്കം നടത്തിയിരുന്നു. എന്നാല്‍ മകള്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ജസ്‌നയുടെ കുടുംബം.

മകള്‍ എവിടെയെങ്കിലും മാറി നില്‍ക്കുന്നതോ ആരെങ്കിലും മാറ്റിനിര്‍ത്തിയതോ ആയിരിക്കുമെന്നും അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പിതാവ് ജെയിംസ് പറഞ്ഞു.
സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ അന്വേഷണത്തിലും ജസ്‌നയെക്കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് ഇന്നലെ ജെയിംസിന്റെ നിര്‍മാണ സ്ഥാപനം പാതി പണി തീര്‍ത്ത വീടിനുള്ളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ പരിശോധനയില്‍ അസംതൃപ്തിയില്ലെന്നും നുണ പരിശോധനക്കു വരെ തയാറാണെന്നും ജെയിംസ് വ്യക്തമാക്കി.

താന്‍ നിര്‍മിക്കുന്ന കെട്ടിടത്തിലും വീട്ടിലും എന്തിനാണ് പരിശോധന നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ജസ്‌നയെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ക്ക് രഹസ്യമായി അക്കാര്യം അറിയിക്കാന്‍ മുക്കൂട്ടുതറയിലും ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി കോളജിലുമടക്കം പൊലീസ് പെട്ടികള്‍ സ്ഥാപിച്ചിരുന്നു. അന്വേഷണം അതില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാനാണ് സാധ്യത. മകളെ കാണാതായതിനെത്തുടര്‍ന്ന് പല കോണുകളില്‍ നിന്നും മാനസിക പീഡനം അനുഭവിക്കുന്നുണ്ട്. ജെസ്‌ന മടങ്ങിയെത്തുമ്പോള്‍ അതെല്ലാം മാറും. പൊലീസ് അന്വേഷണത്തില്‍ ഫലമില്ലാതെ വന്നപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും ജെയിംസ് പറഞ്ഞു. എന്നാല്‍ മകളെ ആരായിരിക്കും മാറ്റി നിര്‍ത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ജെയിംസ് നല്‍കിയിട്ടില്ല. തന്റെ നിര്‍മാണമേഖലയിലെ വളര്‍ച്ച കണ്ട് ആരെങ്കിലും ചെയ്തതാണോ എന്ന സംശയവും ജെയിംസ് മുന്നോട്ടുവെക്കുന്നുണ്ട്. ഇക്കാര്യം താന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും നിലവില്‍ തനിക്കാരും ശത്രുക്കളില്ലെന്നും ജെയിംസ് വ്യക്തമാക്കി.

ജസ്‌നയുടെ തിരോധാനത്തിനു ശേഷം ജെയിംസിനും കുടുംബത്തിനുമെതിരായ ആരോപണങ്ങളെ അദ്ദേഹം തള്ളി. ജസ്‌നയെ കാണാതായതിനു ശേഷം വീട് നവീകരിച്ചു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. വീടിന്റെ വാസ്തു പ്രശനം തീര്‍ക്കുക മാത്രമാണുണ്ടായത്. ഭാര്യയുടെ അകാലമരണത്തിനും മകളുടെ തിരോധാനത്തിനും പിന്നാലെ ചില അടുപ്പമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നും ജെയിംസ് പറഞ്ഞു.

chandrika: