കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ യൂറോപ്പ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരവിന് ലക്ഷ്യമിട്ട് കൊളംബിയന്‍ സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്. നിലവില്‍ ബ്രസീലിയന്‍ ക്ലബായ സാവോ പോളോയുമായുള്ള കരാര്‍ താരം റദ്ദാക്കാനൊരുങ്ങുകയാണ്. എന്നാല്‍ ഏത് ക്ലബിലേക്ക് താരം എത്തുമെന്നതിലാണ് ആരാധകരുടെ ആകാംക്ഷ.
മുമ്പ് യൂറോപ്യന്‍ ക്ലബുകളായ റയല്‍ മാഡ്രിഡിനായും എവര്‍ട്ടണായും ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണികിനായും താരം കളിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടിലേക്ക് തിരിച്ചുവരാന്‍ റോഡ്രിഗസിനോട് എവര്‍ട്ടന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അത് തന്റെ അവസാന മത്സരമാകുമോയെന്നാണ് താരം മറുപടിയായി ചോദിച്ചത്.
യൂറോപ്പ്യന്‍ ക്ലബ് ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാതിരുന്നതാണ് മുമ്പ് റോഡ്രിഗസിന് തിരിച്ചടിയായത്. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കൊളംബിയ ഫൈനലില്‍ കടന്നതോടെ താരം വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ 6 അസിസ്റ്റും ഒരു ഗോളും റോഡ്രിഗസ് സംഭാവന ചെയ്തു. ഇപ്പോള്‍ 33കാരനായ താരം വീണ്ടും യൂറോപ്പിലെത്തിയാല്‍ എത്ര മാത്രം തിളങ്ങാനാകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.