X

മുഖ്യമന്ത്രിയുടേത് ഇസ്ലാമോഫോബിയയെന്ന് ജമാഅത്തെ ഇസ്‌ലാമി

രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും, ജമാഅത്തെ ഇസ്‌ലാമിയല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റഡ് അമീര്‍ പി.മുജീബ് റഹ്മാന്‍. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘ്പരിവാറിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്‌ലിം സമുദായം.

എന്തിനുവേണ്ടിയാണോ മുസ്‌ലിം സമൂഹം നിലകൊള്ളുന്നത് അതിന് വേണ്ടിയായിരുന്നു ചര്‍ച്ച. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് എല്ലാ കൂട്ടായ്മയിലും അണിനിരക്കാറുണ്ട്. ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസുമായിട്ടല്ല ചര്‍ച്ച നടന്നത്. മറിച്ച് മുസ്‌ലിം സംഘടനകളും ആര്‍.എസ്.എസുമായി നടന്ന ചര്‍ച്ചയില്‍ ജമാഅത്ത് ഭാഗമാകുകയായിരുന്നു. സംഘ്പരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചക്ക് ക്ഷണിച്ചത് ആര്‍.എസ്.എസാണ്. ശക്തമായ സമരത്തിന്റെ ഭാഗമായാണ് ചര്‍ച്ചയും ഉണ്ടായത്. ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്.

മാറാട് സംഭവം എല്ലാവര്‍ക്കും ഓര്‍മയുണ്ട്. അന്ന് അതിനെ ബ്രേക്ക് ചെയ്ത് അരയ സമാജം നേതൃത്വത്തിന്റെ അടുത്തേക്ക് ചെന്നത് ജമാഅത്തെ ഇസ്ലാമി ആണ്. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അടക്കം അത് പറഞ്ഞിട്ടുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച സംബന്ധിച്ച് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹം ഉയര്‍ത്തിയ ആശങ്ക ശുദ്ധ ഇസ്‌ലമോഫോബിയയാണ്. മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസും പിണറായിയും ചര്‍ച്ച നടത്തിയത് പിന്നീട് മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് ലോകം അറിഞ്ഞത്. സി.പി.എമ്മിന്റെ ഇസ്‌ലാമോഫോബിയ അപകടകരമാണ്.

ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ച നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് പ്രത്യാഘാതം സൃഷ്ടിക്കും. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ജാഗ്രതയുണ്ട്. ഇതര മുസ്‌ലിം സംഘടനകളുടെ ജാഗ്രതയെ മാനിക്കുന്നു. ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ജമാഅത്ത് സ്വീകരിച്ചതിന്റെ തെരഞ്ഞെടുപ്പ് ഗുണഭോക്താക്കള്‍ കൂടിയാണ് സി.പി.എം എന്നത് അവര്‍ മറക്കരുതെന്നും പി. മുജീബ് റഹ്മാന്‍ വ്യക്തമാക്കി.

 

webdesk14: