റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു. എന്നാല്‍ മൃതദേഹം എന്തുചെയ്തുവെന്ന് വ്യക്തമാക്കിയില്ല.
കോണ്‍സുലേറ്റിലെ ചര്‍ച്ചകള്‍ വഴക്കിന് കാരണമാവുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തുവെന്ന് സഊദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സഊദ് അല്‍ മുജീബ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 18 സഊദി പൗരന്മാരെ അറസ്റ്റ് ചെയ്തതായും രണ്ട് പ്രമുഖരെ പിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു. സഊദി കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്താനിയെയും ഇന്റലിജന്‍സ് ഉപമേധാവി അഹ്്മദ് അല്‍ അസീരിയേയുമാണ് പിരിച്ചുവിട്ടത്.
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ തുര്‍ക്കി അന്വേഷണം സംഘം ചോദ്യംചെയ്തിട്ടുണ്ട്. ഖഷോഗി കൊല്ലപ്പെട്ടുവെന്ന് അറിയിച്ചുകൊണ്ടുള്ള സഊദി പ്രസ്താവനയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. സഊദി വിശദീകരണം തൃപ്തികരമാണ്. വളരെ പ്രധാനപ്പെട്ട ആദ്യ ചുവടുവെപ്പാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിഞ്ഞിട്ടാവില്ല കൊലപാതകമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ഉള്‍പ്പെടെ ട്രംപിന്റെ പാര്‍ട്ടിക്ക് അകത്തും പുറത്തമുള്ള നിരവധി പ്രമുഖര്‍ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ആയുധ കരാറുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ വേണമെന്ന് റാന്‍ഡ് പോള്‍ ആവശ്യപ്പെട്ടു. ഒക്ടബോര്‍ രണ്ടിന് വിവാഹ രേഖകള്‍ ശരിയാക്കാന്‍ ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റിലേക്ക് പോയ ശേഷം ഖഷോഗി പുറത്തുവന്നിട്ടില്ല.
പ്രതിശ്രുതവധു ഹാറ്റിസ് സെന്‍ഗിസിനോടൊപ്പമാണ് അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്. സെന്‍ഗിസിനെ അദ്ദേഹം കോണ്‍സുലേറ്റിന് പുറത്തുനിര്‍ത്തുകയായിരുന്നു. ഓഫീസ് അടക്കന്നതുവരെ താന്‍ കാത്തുനിന്നിട്ടും അദ്ദേഹം പുറത്തുവന്നില്ലെന്ന് സെന്‍ഗിസ് അറിയിച്ചു.
ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടുവെന്ന് സഊദി സമ്മിതിക്കുന്നത് ആദ്യമായാണ്. ഖഷോഗി ജീവനോടെ പുറത്തുപോയെന്നായിരുന്നു ആദ്യ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന തുര്‍ക്കി സംഘം സഊദി കോണ്‍സുലേറ്റില്‍ കയറി എട്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.