ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കക്ക് ആശ്വാസം. പുരുഷ, വനിതാ വിഭാഗം 100 മീറ്റര്‍ ഓട്ടത്തില്‍ തിരിച്ചടി നേരിട്ട ജമൈക്കക്ക് വേണ്ടി 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒമര്‍ മക്്‌ലിയോഡ് സ്വര്‍ണം നേടി.
നിലവിലെ ജേതാവ് സെര്‍ജി ഷുബെന്‍കോവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒളിമ്പിക് ചാമ്പ്യനായ ഒമറിന്റെ നേട്ടം. 13.04 സെക്കന്റിലാണ് ഒമര്‍ ഫിനിഷിങ് ലൈന്‍ തൊട്ടത്. 13.14 സെക്കന്റിലാണ് സെര്‍ജി ഓടിയെത്തിയത്.
13.28 സെക്കന്റില്‍ ഓടിയെത്തിയ ഹങ്കറിയുടെ ബലാസ് ബാജി വെങ്കല മെഡല്‍ കരസ്ഥമാക്കി. അതേ സമയം 2012ലെ ഒളിമ്പിക് ചാമ്പ്യനായ അമേരിക്കയുടെ അരിയസ് മെറിറ്റസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം രണ്ടു വര്‍ഷം ട്രാക്കില്‍ നിന്നും വിട്ടു നിന്ന ശേഷമാണ് മെറിറ്റ് മത്സരിക്കാനെത്തിയത്.
2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണമെഡല്‍ അടക്കം 12 മെഡലുകള്‍ ജമൈക്ക സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത്തവണ പ്രതീക്ഷിച്ച നേട്ടം ജമൈക്കക്ക് സ്വന്തമാക്കാനായിട്ടില്ല. ഇനി 4 /100 മീറ്റര്‍ റിലേയിലാണ് ജമൈക്ക പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്. റിലേയില്‍ ബോള്‍ട്ടിനൊപ്പം ഒമറും ട്രാക്കിലിറങ്ങുന്നുണ്ട്. അതേ സമയം വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കെനിയയുടെ ചെപന്‍ഗറ്റിച്ച് കിപ്‌യേഗന്‍ 4:02.59 സെക്കന്റില്‍ ഓടി സ്വര്‍ണം നേടി.
2011ലെ ലോക ചാമ്പ്യന്‍ അമേരിക്കയുടെ ജെന്നിഫര്‍ സിംപ്‌സണ്‍ വെള്ളിയും (സമയം 4:02.76) ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യ വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ വെനസ്വേലയുടെ യുലിമര്‍ റോജാസ് സ്വര്‍ണം നേടി. ഇതാദ്യമായാണ് ഒരു വെനസ്വേലന്‍ താരം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്നത്.
കൊളംബിയയുടെ കാതറിന്‍ ഇബാറുഗന്‍ വെള്ളിയും കസകിസ്താന്റെ ഓള്‍ഗ റിപാകോവ വെങ്കലവും നേടി. വനിതകളുടെ ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ അനിറ്റ വ്‌ളോഡാറിച്ചിക് സ്വര്‍ണവും ചൈനയുടെ സെങ് വാങ് വെള്ളിയും പോളണ്ടിന്റെ മാല്‍വിന കോപ്‌റോന്‍ വെങ്കല മെഡലും നേടി.
- 7 years ago
chandrika
Categories:
Video Stories
ജമൈക്കയുടെ മാനം കാത്ത് ഒമര്‍
Tags: sports