ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.
ചന്ദ്രികേ, നന്ദി,നന്ദി.
ചന്ദ്രിക ദിനപത്രം അതിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പിറന്ന് വീണ തലശ്ശേരിയില്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. എഴുത്ത് ജീവിതത്തിന് ചന്ദ്രിക നല്‍കിയ സഹായ സഹകരണവും പിന്തുണയും പ്രോത്സാഹനവും സമാനതകളില്ലാത്തതാണ്.
ഫറോക്ക് റൗദതുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1967ല്‍ പതിനേഴാമത്തെ വയസ്സിലാണ് ആദ്യ ലേഖനം അച്ചടിച്ച് വന്നത്. കൊടുങ്ങല്ലൂരില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ‘അല്‍ ഇര്‍ഷാദ്’ മാസികയില്‍ നാല് ലക്കങ്ങളിലായാണ് അത് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത വര്‍ഷം പതിനെട്ടാം വയസ്സിലാണ് ചന്ദ്രികയില്‍ എഴുതാന്‍ തുടങ്ങിയത്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വന്ന ആദ്യ ലേഖനം ഈജിപ്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശൈഖ് മുഹമ്മദ് അബ്ദുവിനെ സംബന്ധിച്ചായിരുന്നു.
തുടര്‍ന്ന് ഏഴുവര്‍ഷത്തിലേറെക്കാലം ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് ദിനപ്പത്രത്തിലും ധാരാളമായി എഴുതിയിരുന്നു. പില്‍ക്കാലത്ത് പുസ്തകമായി പ്രസിദ്ധീകരിച്ച വിവര്‍ത്തന കൃതികളായ അബ്ദുല്‍ ഖാദര്‍ ഔദയുടെ ‘മതം ദുര്‍ബല ഹസ്തങ്ങളിലും’ ശഹീദ് സയ്യിദ് ഖുത്വ് ബിന്റെ ‘ഇസ്ലാം നാളെയുടെയും മത’വും ചന്ദ്രിയില്‍ വന്ന പരമ്പരകളാണ്. പ്രതിഭാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘പാദ മുദ്രകള്‍’ ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെയാണ് ആദ്യം വെളിച്ചം കണ്ടത്. പുസ്തകമാക്കാതെ പോയ ഒട്ടേറെ പരമ്പരകള്‍ വേറെയും.അക്കാലത്ത് ചന്ദ്രിക അഞ്ച് രൂപയാണ് പ്രതിഫലമായി തന്നിരുന്നത്. അതിന്റെ മൂല്യം കണക്കാക്കാനാവാത്തതാണ്. കൊടിയ കഷ്ടപ്പാടിന്റെ കാലത്ത് അത് അത്രമേല്‍ ആശ്വാസമായിരുന്നു. എഴുതി പരിചയിക്കുന്നതില്‍ മറ്റ് പലര്‍ക്കുമെന്നപോലെ എനിക്കും ചന്ദ്രിക വളരെയേറെ ഉപകരിച്ചിട്ടുണ്ട്. അക്കാലത്ത് കെ. പി. കുഞ്ഞി മൂസയും കാനേഷ് പൂനൂരും നല്‍കിയ പ്രേരണയും പ്രോത്സാഹനവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരുമായും പ്രമുഖരായ മുസ്ലിംലീഗ് നേതാക്കളുമായും പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ചന്ദ്രികയിലെ എഴുത്ത് സഹായകമായി.
തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ചന്ദ്രികയോടുള്ള കടപ്പാടും നന്ദിയും വിനയപൂര്‍വ്വം രേഖപ്പെടുത്തുന്നു.ചന്ദ്രികയെ ഇനിയുമിനിയും അതിന്റെ മഹത്തായ സേവനം വിജയകരമായി തുടരാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കട്ടെ. എല്ലാവിധ വിജയവും ആശംസിക്കുന്നു.”
ചന്ദ്രികക്ക് നന്ദി പറഞ്ഞ് കഥാകുത്ത് പി.കെ. പാറക്കടവും
എഴുതിത്തുടങ്ങിയതു ചന്ദ്രികയില്‍.അന്ന് കോളിളക്കമുണ്ടാക്കിയ ‘വിസ’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നതും ചന്ദ്രികയില്‍.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഗള്‍ഫില്‍ പോകുംമുമ്പു ആറ് മാസം കോഴിക്കോട് ചന്ദ്രികയില്‍ ജോലി ചെയ്തിരുന്നു.
പത്രപ്രവര്‍ത്തനത്തിന്റെ തുടക്കവും ചന്ദ്രികയില്‍ നിന്ന്.പ്രിയപ്പെട്ട സി എച്ച് മുഹമ്മദ് കോയയുടെ
കത്തുകള്‍ എന്റെ പഴയ ഫയലില്‍ അമൂല്യ നിധി പോലെ.ചന്ദ്രികയില്‍ ഇടയ്ക്കിടെ എഴുതുമല്ലോ എന്ന് സി എച്ച്.
(നാലര പതിറ്റാണ്ട് മുമ്പ് എനിക്ക് ലഭിച്ച വലിയ പ്രോത്സാഹനവും അംഗീകാരവും.)
ചന്ദ്രിക നവതി പ്രഭയില്‍. ചന്ദ്രിക എനിക്ക് നിറമുള്ള ഓര്‍മയുടെ നിലാവ് കൂടിയാണ്.’ പാറക്കടവ് ഫെയസ് ബുക്കില്‍ കുറിച്ചു.