X

നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട്; 28 പേര്‍ അറസ്റ്റില്‍

നിരോധനം ലംഘിച്ച് തമിഴ്‌നാട്ടിലെ കൂഡല്ലൂരില്‍ ജെല്ലിക്കെട്ട് സംഘടിപ്പിച്ച 28 പേരെ പൊലീസ് അറസ്റ്റു ചെയ്തു. നാളെ പൊങ്കല്‍ നടക്കുന്നതിനു മുമ്പ് ജെല്ലിക്കെട്ട് സംബന്ധിച്ച് വിധി പ്രസ്താവം നടത്താനാവില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഒരു സംഘമാളുകള്‍ കൂഡല്ലൂര്‍ തിരുവന്തിപുരം ദേവനാഥസ്വാമി ക്ഷേത്രത്തിനു സമീപം ജെല്ലിക്കെട്ട് സംഘടിപ്പിക്കുകയായിരുന്നു.
വിധി തയാറായിട്ടുണ്ടെങ്കിലും നാളെ പൊങ്കല്‍ നടക്കുന്നതിനു മുമ്പ് വിധി പ്രസ്താവിക്കാനാവില്ലെന്ന നിലപാടിലാണ് സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ജെല്ലിക്കെട്ട് വിധി പ്രസ്താവം നേരത്തെയാക്കുന്നതിന് വിസമ്മതിച്ചത്. ജെല്ലിക്കെട്ട് നടത്തുന്നതിന് ഈ വര്‍ഷം അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സുപ്രീംകോടതിയാണെന്ന നിലപാടിലാണ് കേന്ദ്രം. 2011ലാണ് ജെല്ലിക്കെട്ട് നിരേധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. 2014ല്‍ സുപ്രീംകോടതി ഇത് ശരിവെച്ചു.

chandrika: