X

ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നത്: വിഡി സതീശന്‍

തവനൂര്‍ എം.എല്‍.എ കെടി ജലിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകായുക്തക്കെതിരെ ജലീല്‍ നടത്തിയ വിമര്‍ശനതിനെതിരെയാണ് വിഡി സതീശന്‍ പ്രതികരിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജലീലിന്റെ വിമര്‍ശനം. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്ന് ജലീലിനെ വിഡി സതീശന്‍ ഓര്‍മപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതികരണം. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായിയെ തന്നെയാണ് തള്ളിപ്പറയുന്നത്. ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ലെന്നും ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരില്‍ പിണറായി വിജയന്റെ കയ്യില്‍ നിന്നും പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീല്‍ മറന്നു കാണില്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായിയെ ഇപ്പോള്‍ പിന്നില്‍ നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും സതീശന്‍ വ്യക്തമാക്കി.

2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15ന് ഡോ. ജാന്‍സി ജെയിംസ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ കണ്ണൂര്‍ വി.സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാന്‍സി ജെയിംസിന്റെ നിയമനത്തില്‍ അന്നുണ്ടായിരുന്നില്ലെന്നും സതീശന്‍ ഓര്‍മപ്പെടുത്തി. ജാന്‍സി ജെയിംസിന്റെ കാലയളവില്‍ ജലീലിന്റെ ഭരണകാലത്തുണ്ടായതു പോലെ മാര്‍ക്ക് ദാന വിവാദവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീല്‍ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ജലീല്‍ തന്നെ ചിന്തിച്ചാല്‍ മതിയെന്ന് സതീശന്‍ വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

കെ.ടി ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡിയാണ്. ഡിവിഷന്‍ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട ‘രേഖ’യില്‍ അതു വ്യക്തവുമാണ്. ഇതൊന്നും ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോള്‍ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല.

2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15ന് ഡോ. ജാന്‍സി ജെയിംസ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍ കണ്ണൂര്‍ വി.സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാന്‍സി ജെയിംസിന്റെ നിയമനത്തില്‍ അന്നുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറായ ജാന്‍സി ജെയിംസിന്റെ കാലയളവില്‍ ജലീലിന്റെ ഭരണകാലത്തുണ്ടായതു പോലെ മാര്‍ക്ക് ദാന വിവാദവുമുണ്ടായിട്ടില്ല. 2008ല്‍ എം.ജി വി.സി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായതും ജാന്‍സി ജെയിംസായിരുന്നു.

ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീല്‍ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ജലീല്‍ തന്നെ ചിന്തിച്ചാല്‍ മതി. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍ നിന്നും കുത്തുകയാണ് ചെയ്യുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരില്‍ പിണറായി വിജയന്റെ കയ്യില്‍ നിന്നും പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീല്‍ മറന്നു കാണില്ല. പിണറായിയെ ഇപ്പോള്‍ പിന്നില്‍ നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍ നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാം.

Test User: