ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത് അദ്ദേഹം പറഞ്ഞു.
അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ അദ്ദേഹം കുറ്റപ്പെടുത്തി.