X

മന്ത്രി ജലീലിന്റെ രാജി അനിവാര്യം; സമരം അടിച്ചമര്‍ത്താനാവില്ലെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: സമാധാനപരമായി സമരം നടത്തിയ എം.എസ്.എഫ് നേതാക്കളെയും പ്രവര്‍ത്തകരെയും ടിയര്‍ ഗ്യാസും ലാത്തിയും ഉപയോഗിച്ച് നിഷ്ഠൂരമായി നേരിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്ററും ആവശ്യപ്പെട്ടു. ജലപീരങ്കി വാഹനം കലക്ട്രേറ്റ് സമീപത്ത് സ്ഥാപിച്ച പൊലീസ് അതു പ്രയോഗിക്കുകപോലും ചെയ്യാതെ മാരകായുധങ്ങള്‍ പ്രയോഗിച്ചത് കേട്ടു കേള്‍വിയില്ലാത്തതാണ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കെ.ടി ജലീലിന്റെ രാജിയില്‍ വിട്ടു വീഴ്ചയില്ല. മുസ്്‌ലിം യൂത്ത്‌ലീഗും എം.എസ്.എഫും നടത്തുന്ന സമര മുഖത്ത് അവര്‍ ഒറ്റക്കല്ല. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ആവശ്യമാണെങ്കില്‍ മുസ്്‌ലിം ലീഗും യു.ഡി.എഫും ഏറ്റെടുക്കും. മന്ത്രി ജലീല്‍ രാജിവെക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും.
അത്തരം സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടാമെന്ന് കരുതുന്ന സര്‍ക്കാര്‍ വിഷയം വഷളാക്കുകയാണ്. നിയമം പാലിക്കാതെ കയ്യൂക്കുമായി നേരിടുന്ന പൊലീസ് കനത്ത വില നല്‍കേണ്ടി വരും. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാതിരിക്കുന്നതിന് എന്തു വികാരമാണ് പൊലീസിനെ പ്രേരിപ്പിച്ചതെന്നത് വ്യക്തമാക്കണം. എ.സി.പി ഉള്‍പ്പെടെയുളള പൊലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് പൊലീസ് അഴിഞ്ഞാട്ടം. അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി അനിവാര്യമാണെന്നും മുസ്്‌ലിംലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അടിച്ചൊതുക്കാനാവില്ല: എം.എസ്.എഫ്

കോഴിക്കോട്: പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി മന്ത്രി ജലീലിനെ രക്ഷിച്ചെടുക്കാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹമെങ്കില്‍ നടക്കില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി. തികച്ചും സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയത് മുന്നറിയിപ്പില്ലാത്ത അതിക്രമമാണ്. പൊലീസ് സ്റ്റേഷനില്‍ വെച്ചു പോലും ക്രൂരമായാണ് നേതാക്കളെയും വിദ്യാര്‍ത്ഥികളെയും തല്ലിച്ചതച്ചത്. കള്ളക്കേസ് പിന്‍വലിച്ച് ഇക്കാര്യത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

chandrika: