X

അടവു മാറ്റി സിപിഎം; ജലീല്‍ വിരുദ്ധ പ്രക്ഷോഭം മതഗ്രന്ഥത്തിന്റെ പേരിലാക്കി വൈകാരികമാക്കാന്‍ ശ്രമം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിനെതിരെ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം വഴി തിരിച്ചു വിടാന്‍ സിപിഎമ്മിന്റെ ഗൂഢനീക്കം. ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭമാക്കി പ്രതിഷേധത്തെ ചിത്രീകരിക്കാനാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ശ്രമം. ഇന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിലും വിശുദ്ധഗ്രന്ഥത്തെ മുന്നില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലീലിനെ പ്രതിരോധിച്ചത്. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ ലേഖനം മുഖപത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അവഹേളനം ഖുര്‍ആനിനോടോ എന്ന തലക്കെട്ടിലാണ് നേര്‍വഴി കോളത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സമരത്തെ മതവല്‍ക്കരിക്കാനുള്ള ശ്രമം നടത്തുന്നത്. ലേഖനത്തിലെ ഭാഗങ്ങള്‍ ഇങ്ങനെ;

* ഖുര്‍ആന്‍ ഒരു നിരോധിത ഗ്രന്ഥമാണോ? ഇന്ത്യയില്‍ മോഡി ഭരണമുള്ളതു കൊണ്ട് റമദാന്‍ കിറ്റും ഖുര്‍ആന്‍ വിതരണവും രാജ്യദ്രോഹമാണെന്ന് സര്‍ക്കാര്‍ കല്‍പ്പനയുണ്ടായിട്ടുണ്ടോ? കോടാനുകോടി വിശ്വാസികളായ മുസ്‌ലിംകള്‍ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ഖുര്‍ആനോട് ആര്‍എസ്എസിനും ബിജെപിക്കുമുള്ള വിരോധം മറയില്ലാത്തതാണ്.

* ഖുര്‍ആനോട് ആര്‍എസ്എസിനെ പോലെ ഒരു അലര്‍ജി മുസ്‌ലിം ലീഗിനും കോണ്‍ഗ്രസിനും എന്തിനാണ്. വരുന്ന അഞ്ചു വര്‍ഷവും അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ഉണ്ടാകുന്ന മനോവിഭ്രാന്തിയില്‍ ഖുര്‍ആന്‍ വിരുദ്ധ ആര്‍എസ്എസ് പ്രക്ഷോഭത്തിന് തീ പകരുകയാണ് മുസ്‌ലിംലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും മത്സരിച്ച് ഒപ്പമുണ്ട് താനും.

* കെടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാറിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍ വിരുദ്ധ യുഡിഎഫ്-ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തകര്‍ക്കം.

* ജലീലിനെ താറടിക്കാന്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും ആര്‍എസ്എസ് അജന്‍ഡയുടെ വക്താക്കളായിരിക്കുകയാണ്. അതു കൊണ്ടാണ് ഖുര്‍ആനെപ്പോലും തള്ളിപ്പറയുന്ന ദുഷ്ടരാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍ ജലീല്‍ വിരുദ്ധ സമരത്തിന്റെ വിഷയമേ അല്ല വസ്തുത നിലനില്‍ക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ വിശുദ്ധ ഗ്രന്ഥത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. മതത്തെയും മത വികാരത്തെയും മുന്നില്‍ നിര്‍ത്തി പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാനുള്ള കുത്സിത ശ്രമാണ് കോടിയേരിയുടെ ലേഖനത്തിലുള്ളത്, പ്രശ്‌നത്തെ വൈകാരികവല്‍ക്കരിക്കാനും.

സാംസ്‌കാരിക വിനിയമങ്ങളുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന മതഗ്രന്ഥങ്ങള്‍ ഒളിച്ചു വിതരണം ചെയ്യേണ്ടതാണോ എന്നതാണ് പ്രതിപക്ഷം ചോദിച്ചിട്ടുള്ളത്. മതഗ്രന്ഥത്തിന്റെ മറവില്‍ കൊണ്ടുവന്നത് എന്തായിരുന്നു എന്ന പ്രസക്തമായ ചോദ്യവും പ്രതിപക്ഷം ഉന്നയിക്കുന്നു. തെറ്റു ചെയ്തിട്ടില്ല എന്ന് ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയും അല്ലാതെ ഇക്കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ സിപിഎമ്മിനോ ജലീലിനോ ആയിട്ടില്ല.

Test User: