X

മന്ത്രി ജലീല്‍ പഴ്‌സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: പെഴ്‌സണല്‍ സ്റ്റാഫിനെ നിയന്ത്രിക്കണമെന്ന് മന്ത്രി കെ.ടി ജലീലിനോട് സി.പി.എം സംസ്ഥാന നേതൃത്വം. കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ പരാതി പരിഗണിക്കവെയാണ് സി.പി.എം സംസ്ഥാന സമിതിയോഗം ജലീലിനെ താക്കീത് ചെയ്തത്. മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ഒരു മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗം പാര്‍ട്ടിയെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് സിപി.എം യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പെഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗം വകുപ്പിലെ നിയമനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നെന്നും ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളിലെ അധ്യാപകരെ സസ്‌പെന്റ് ചെയ്യാന്‍ പോലും ഇയാള്‍ തയാറായെന്നും പരാതിയുയര്‍ന്നിരുന്നു. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയാണ് ഇദ്ദേഹത്തിനെതിരെ ആദ്യമായി പരാതി ഉന്നയിച്ചത്. മറ്റ് ജില്ലകളില്‍ നിന്നുള്ള നേതാക്കള്‍ക്കും ഈ മന്ത്രി സ്റ്റാഫില്‍ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. ചില കരാര്‍ നിയമനങ്ങള്‍ പാര്‍ട്ടിതലത്തില്‍ തീരുമാനിച്ചെങ്കിലും പല എം.എല്‍.എമാരുടെയും ശിപാര്‍ശ എന്ന പേരില്‍ ഈ പെഴ്‌സണല്‍ സ്റ്റാഫ് അംഗം ഇഷ്ടക്കാര്‍ക്ക് നല്‍കിയെന്നാണ് പാര്‍ട്ടിയുടെ പരാതി.
വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷ ഡയറക്ടറേറ്റ്, ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, പതിനാറ് കോച്ചിംഗ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗം നടത്തിയ ഇടപെടലുകളാണ് വിവാദമായത്. ജീവനക്കാരുടെ നിയമനവും മറ്റ് ദൈനംദിന വിഷയങ്ങളുമാണ് ഇദ്ദേഹം നിയന്ത്രിച്ചുവരുന്നത്. ആലപ്പുഴയിലെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയായിരുന്ന ഏഴ് അധ്യാപകരെ ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത് മന്ത്രിക്കു തന്നെ തലവേദന സൃഷ്ടിക്കുന്നതായി.
ഈ ഏഴുപേര്‍ വകുപ്പ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി. വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് പെഴ്‌സണല്‍ സ്റ്റാഫ് അംഗമാണ്. സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയും ഇദ്ദേഹവുമായി വാക്കേറ്റമുണ്ടായതും വാര്‍ത്തയായിരുന്നു.

chandrika: