X
    Categories: MoreViews

വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ല: മന്ത്രി

തിരുവനന്തപുരം: ചെറുകിട ജലസചേന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. നദികളുടെ സംരക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവുമൊരുക്കുമെന്നും നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി പറഞ്ഞു.

പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ വന്‍കിട ജലസേചന പദ്ധതികള്‍ പ്രായോഗികമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. കുന്നുകള്‍ നിറഞ്ഞ ഭൂപ്രകൃതിയില്‍ വന്‍കിട പദ്ധതികള്‍ പ്രായോഗികമാകുന്നില്ല. 760 കോടി രൂപ മുടക്കി നിര്‍മിച്ച കല്ലട ജലസേചന പദ്ധതി മേഖലയില്‍ കിണര്‍ റീചാര്‍ജിഗിംനുള്ള ഉപാധി മാത്രമായി ഒതുങ്ങി. മിക്ക ജലസേചന പദ്ധതികളിലും ഇതാണ് സ്ഥിതി. ജില്ലാ ജലസേചന നയ രൂപീകരണം പരിഗണനയിലാണ്. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ഈ മേഖലക്ക് കൂടുതല്‍ തുക കണ്ടെത്തുന്നതും പരിഗണിക്കും.
കിഫ്ബിയില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയും. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളില്‍മാത്രം കിഫ്ബി സഹായം ഒതുങ്ങില്ല. പൂജ്യം ശതമാനം മുതല്‍ മൂന്നര ശതമാനംവരെ പലിശക്ക് വിദേശ സാമ്പത്തിക ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാനുള്ള അവസരമുണ്ട്. 30 വര്‍ഷംവരെ കാലാവധിക്ക് വായ്പ ലഭിക്കാം. ഈ അവസരം പരമാവധി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് കാര്യമില്ല. കിഫ്ബിയില്‍ വന്‍ പദ്ധതികളാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ വിശദ പദ്ധതി രേഖയും കഷ്ടനഷ്ട വിശകലനവുമടക്കം തയാറാക്കേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിനെയും കീഴിലുള്ള പ്രത്യേക ആവശ്യ സംവിധാനങ്ങളെയും ശാക്തീകരിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടുതല്‍ തസ്തികകള്‍ അനുവദിച്ചു. ആവശ്യത്തിന് എഞ്ചിനിയര്‍മാരെയും ഉറപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പകളില്‍ സെക്രട്ടറി തലത്തില്‍ നടക്കുന്ന പദ്ധതി അവലോകനങ്ങളില്‍ താനും പങ്കെടുക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തില്‍ ഉപധനാഭ്യര്‍ത്ഥന വോട്ടെടുപ്പില്ലാതെ പാസാക്കി.

chandrika: