X

കുടിവെള്ളത്തിലും കൊടിയ അഴിമതി; സംസ്‌ഥാനത്താകെ ജലനിധിയില്‍ വിജിലന്‍സ്‌ പരിശോധന; നടന്നത് വൻ തട്ടിപ്പുകൾ

ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ജലനിധി പദ്ധതിയിലും വന്‍തട്ടിപ്പുകള്‍. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ഓപ്പറേഷന്‍ ഡെല്‍റ്റ എന്ന പേരില്‍ വിജിലന്‍സ്‌ നടത്തിയ പരിശോധനയിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്‌. എന്‍ജിനീയര്‍മാരും കരാറുകാരും ഗുണഭോക്‌തൃസമിതിയും കൈക്കൂലി വാങ്ങി ഒത്തുകളിച്ചതായി വിജിലന്‍സ്‌ കണ്ടെത്തി. പലയിടത്തും ബിനാമികള്‍ക്കാണു കരാര്‍ ലഭിച്ചത്‌. പൈപ്പുകള്‍ ഇടാതെയും പണി പൂര്‍ത്തിയാക്കാതെയും പണം എഴുതിയെടുത്തു.

മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വന്‍തട്ടിപ്പ്‌ നടന്നു. കുറ്റക്കാര്‍ക്കെതിരേ വിജിലന്‍സ്‌ ഡയറക്‌ടര്‍ മുഖ്യമന്ത്രിക്കു നടപടി ശിപാര്‍ശ കൈമാറും. ഗുണഭോക്‌താക്കളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത്‌ ലെവല്‍ ആക്‌ടിവിറ്റി കമ്മിറ്റി(ജി.പി.എല്‍.എ.സി)കളാണു പദ്ധതി നടപ്പാക്കുന്നത്‌. ഇവര്‍ നല്‍കുന്ന കരാറുകള്‍ സുതാര്യമല്ലെന്ന പരാതികളുടെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന.

പല കരാറുകാരും സമിതിയുടെ ബിനാമികളാണ്‌. മിക്ക എന്‍ജിനീയര്‍മാരും നടപടിക്രമം പാലിക്കാതെ പദ്ധതികള്‍ പൂര്‍ത്തിയായെന്നു തെറ്റായി സാക്ഷ്യപ്പെടുത്തുന്നതായും പരാതികളുയര്‍ന്നു. പരാതികളില്‍ മിക്കതും വാസ്‌തവമാണെന്നു പരിശോധനയില്‍ തെളിഞ്ഞു. പൈപ്പുകള്‍ കുഴിച്ചിട്ടിരിക്കുന്നതു നിര്‍ദിഷ്‌ട ആഴത്തിലല്ലെന്നും കണ്ടെത്തി.

webdesk14: