ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി.
പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ രംഗത്ത് വന്നിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു.
വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.