ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി ശക്തി കേന്ദ്രമായ ജയ്പൂരിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ജയ്പൂര്‍ ഹെറിറ്റേജ്, ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെ കോണ്‍ഗ്രസ് 32 വാര്‍ഡുകള്‍ സ്വന്തമാക്കി. ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള കണക്കുകള്‍ പ്രകാരം 250 സീറ്റുകളില്‍ നിരവധി സ്ഥലങ്ങളില് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുകയാണ്.
ജെയ്പൂര്‍ ഹെറിറ്റേജിലെ 100 സീറ്റില്‍ 20 ഇടത്ത് കോണ്‍ഗ്രസാണ് ഇതുവരെ ജയിച്ചത്. ബിജെപിക്ക് പിടിക്കാനായത് 12 സീറ്റുകള്‍ മാത്രം. മേഖലയില്‍ മൂന്ന് സ്വതന്ത്രരും വിജയിച്ചു. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പര്‍ കോര്‍പറേഷനില്‍ 14 ഇടത്താണ് ബിജെപി ജയിച്ചത്. 12 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. നാലു വാര്‍ഡുകളില്‍ സ്വതന്ത്രര്‍ വിജയിച്ചു.
വനിതകള്‍ക്ക് അമ്പത് ശതമാനം സീറ്റു നല്‍കിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജയ്പൂരിന് പുറമേ, ജോധ്പൂര്‍, കോട്ട എന്നിവിടങ്ങളിലും ഇന്നാണ് വോട്ടെണ്ണല്‍. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലായി 560 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2238 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.