ജെയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാം ചന്ദ് കതാരിയ ആണ് സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ കസ്റ്റഡിയില്‍ എടുത്ത വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് ആള്‍വാര്‍ സ്വദേശിയായ ഉമര്‍ ഖാനെ ഗോരക്ഷാ സംഘം വാഹനം തടഞ്ഞുനിര്‍ത്തി വെടിവെച്ചുകൊന്നത്. അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു. ഉമര്‍ഖാനൊപ്പം ഉണ്ടായിരുന്ന താഹിര്‍ ഖാന്‍ എന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇയാള്‍ സമീപ സംസ്ഥാനമായ ഹരിയാനയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവം നടന്ന അന്നു രാത്രി തന്നെ ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി മന്ത്രി അവകാശപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ആള്‍വാര്‍ സൗത്ത് ഡപ്യൂട്ടി സൂപ്രണ്ട് അനില്‍ ബെനിവാള്‍ പറഞ്ഞു. ഐ.പി.സി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 201 (തെളിവു നശിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാത്ത ഒരുകൂട്ടം പേര്‍ക്കെതിരെ ഗോവിന്ദ്ഗഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉമര്‍ഖാന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുടുബം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് കഴിഞ്ഞ ദിവസം മൃതദേഹം സൂക്ഷിച്ചിരുന്ന ആള്‍വാര്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആസ്പത്രി പരിസരത്ത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനൊടുവില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായത്.
അക്രമം തടയാന്‍ ആളില്ലെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി
സംസ്ഥാനത്ത് നടക്കുന്ന എല്ലാ അനിഷ്ട സംഭവങ്ങളും തടയാന്‍ പൊലീസ് സേനയില്‍ ആളില്ലെന്ന് രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ. എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നല്ല നിലയില്‍ ആയിരിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു. ആള്‍വാര്‍ ജില്ലയിലെ രാംഗഡിനു സമീപം ഗോ രക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവെച്ചുകൊന്ന് മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തോട് പ്രതികരിക്കവെയായിരുന്നു ക്രമസമാധാനം സംരക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഏഴു മാസത്തിനിടെ ആള്‍വാര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. പെഹ്‌ലുഖാന്‍ എന്നയാളെ ഗോരക്ഷാ പ്രവര്‍ത്തകര്‍ നടുറോഡില്‍ അടിച്ചുകൊന്നത് നേരത്തെ വലിയ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ച്ചയാകുന്നത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് അനിഷ്ട സംഭവങ്ങള്‍ തടയാന്‍ സേനയില്‍ ആളില്ലെന്ന ന്യായീകരണവുമായി മന്ത്രി രംഗത്തെത്തിയത്. കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹിന്ദുവായാലും മുസ്‌ലിമായാലും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.