ജയ്പൂര്‍: 10 വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്ന പിതാവിനെതിരെ പരാതിയുമായി മകള്‍. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ 23 കാരിയാണ് പിതാവിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവിനെതിരെ ഭേഗഞ്ജ്മാണ്ഡി പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പോസ്റ്റിങ് ലഭിച്ച സ്ഥലങ്ങളില്‍ വെച്ചെല്ലാം പിതാവ് തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
തന്റെ ഇളയ സഹോദരിയേയും പിതാവ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ അമ്മക്ക് ഇതെല്ലാം അറിയാം. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ അമ്മക്ക് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ പേടിയാണെന്നും യുവതി വ്യക്തമാക്കി.
യുവതിയുടെ പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. യുവതിയുടെ മൊഴി 28ന് മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും.