തിരുവനന്തപുരം: ഭക്ഷണ വിതരണത്തിലെ വന്‍ വിജയത്തിന് പിന്നാലെ കേരള ജയില്‍ വകുപ്പ് വ്യാവസായികാടിസ്ഥാനത്തില്‍ മറ്റൊരു മേഖലയില്‍ കൂടി കൈവെക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കാനാണ് തീരുമാനം. തടവുപുള്ളികളായിരിക്കും ഇവിടെ ജീവനക്കാര്‍.
തമിഴ്‌നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത് മാതൃകയാക്കിയാണ് കേരള ജയില്‍ വകുപ്പും പെട്രോള്‍ വിതരണത്തിന് തീരുമാനമെടുത്തത്. ഈ വര്‍ഷം നവംബര്‍ ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ പുതിയ പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ഇതിനായി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതി പത്രങ്ങളെല്ലാം ലഭിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ ജയില്‍ വകുപ്പിന്റെ സ്ഥലത്ത് തന്നെയാകും പെട്രോള്‍ പമ്പ് തുറക്കുക. ഇതിനായി ഐ.ഒ.സിയുടെ കീഴില്‍ പെട്രോള്‍ പമ്പുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
ഇവിടങ്ങളില്‍ ജോലി ചെയ്യാനായി 15 ഓളം തടവുപുള്ളികളെ തിരഞ്ഞെടുക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്ക് ജോലി. ജയില്‍ നിയമപ്രകാരം 160 മുതല്‍ 180 രൂപ വരെ വേതനം ലഭിക്കും.