X

ജയിലില്‍ നിന്ന് പുറത്തുവിടല്‍; സര്‍ക്കാര്‍ തീരുമാനിച്ച പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും ഉണ്ടായതായി തെളിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചവരില്‍ ടി.പി കേസ് പ്രതികളും ഉള്‍പ്പെടുന്നു. കൊടിസുനി, കുഞ്ഞനന്തന്‍, കെ.സി രാമചന്ദ്രന്‍, സിജിത്ത്,മനോജ്,റഫീഖ് അനൂപ്, മനോജ്കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി,ഷിനോജ് എന്നിവരാണ് ടി.പി കേസിലെ പ്രതികള്‍. വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ ഇവരെ സര്‍ക്കാര്‍ പുറത്തുവിടാന്‍ തീരുമാനിച്ചിരുന്നതായി തെളിഞ്ഞു. ഗവര്‍ണര്‍ പി.സദാശിവത്തിന് സര്‍ക്കാര്‍ അയച്ച ഈ പട്ടിക ഗവര്‍ണര്‍ തിരികെ അയക്കുകയായിരുന്നു. ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് കാപ്പ ഒഴിവാക്കിയതായും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ടി.പി കേസ് പ്രതികളെ പുറത്തുവിടുമെന്ന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. 2016 ല്‍ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് മൂവായിരത്തോളം തടവുകാരില്‍ 2262 പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന് കാണിച്ച് ജയില്‍വകുപ്പ് 2016 ഒക്ടോബര്‍ 17ന് സര്‍ക്കാരിന് പ്രോപ്പസല്‍ സമര്‍പ്പിച്ചു. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 1850 തടവുകാരെയാണ് മോചിപ്പിക്കാന്‍ ശ്രമിച്ചത്. ഈ ശുപാര്‍ശ ഗവര്‍ണര്‍ക്ക് ലഭിച്ചപ്പോള്‍ ഗവര്‍ണ്ണര്‍ തടയുകയായിരുന്നു. ലിസ്റ്റ് ഗവര്‍ണര്‍ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് ലിസ്റ്റ് പരിശോധിച്ചു. ഇതുപ്രകാരം നൂറോളം പേരാണ് ജയിലില്‍ നിന്ന് പുറത്തുവരികയുള്ളൂവെന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ പറയുന്നു.

chandrika: