കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാലു മണിക്ക് അതിനാടകീയമായി നടത്തിയ റെയ്ഡില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയിലുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മൊബൈല്‍ ഫോണുകള്‍, കഞ്ചാവ്, സിം കാര്‍ഡുകള്‍, കത്തി എന്നിവയാണ് കണ്ടെടുത്തത്.
പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷയില്‍ കഴിയുന്ന പ്രതി ഷാഫിയുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതിനു മുമ്പും രണ്ടു വട്ടം ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്. നാലു ഫോണുകളാണ് വിയ്യൂര്‍ ജയിലില്‍ നിന്നാകെ കണ്ടെത്തിയത്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്.