തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ മേധാവി ആര്‍.ശ്രീലേഖ. ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണ് ആഭ്യന്തര വകുപ്പിനുള്ളതെന്ന് ശ്രീലേഖ തുറന്നടിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് ആഭ്യന്തര വകുപ്പിനോടുള്ള അമര്‍ഷം ശ്രീലേഖ പ്രകടിപ്പിച്ചത്.
വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നുവെന്നും അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ പേരെ പരോളില്‍ വിടുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ മേധാവിക്ക് കത്ത് നല്‍കിയിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. നിലവില്‍ ജയിലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് കൂടുതല്‍ പേരെ പരോളില്‍ വിടുന്നത്. എന്നാല്‍ ഈ നടപടി ഉചിതമല്ല. ജയിലില്‍ നിലവില്‍ നടയടിയും മൂന്നാംമുറയുമൊന്നില്ല. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇനിയും മാറേണ്ടതുണ്ടെന്നും ജയില്‍ മേധാവി പറഞ്ഞു.