X
    Categories: keralaNews

ജയിലുകളില്‍ ഇനി പകല്‍മുഴുവന്‍ പാട്ട്; ഇഷ്ടംപോലെ ഫോണ്‍ വിളിക്കാനും അനുമതി

കൊല്ലം : ജയിലുകളില്‍ തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി ജയില്‍ ഡിജിപി. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം റേഡിയോ കേള്‍പ്പിക്കണമെന്നാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം. തടവുകാരുടെ ആത്മഹത്യ തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.

വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. വിമുഖതകാട്ടുന്നവരെ ഫോണ്‍വിളിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.

ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസ് നടത്തും. ഇതിനായി സന്നദ്ധസംഘടനകളുമായി ആലോചിച്ച് പാനല്‍ ഉണ്ടാക്കണം. തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ തടവുകാര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: