തൃശൂര്‍: ജയില്‍ ചപ്പാത്തിയും ബിരിയാണിയും വന്‍ ഹിറ്റായതിന് പിന്നാലെ ബ്യൂട്ടിഷന്‍മാരായും എത്തുകയാണ് ജയിലിലെ തടവുകാര്‍. ചുരുങ്ങിയ ചെലവില്‍ മുടിവെട്ടി സുന്ദരനാകണമെങ്കില്‍ ഇനി തൃശൂര്‍ വിയ്യൂര്‍ ജയിലിലെത്തിയാല്‍ മതി. വേണമെങ്കില്‍ ഫേഷ്യല്‍ ചെയ്ത് മുഖം മിനുക്കാനും ഇവിടെ സൗകര്യമുണ്ട്.
വിയ്യൂര്‍ ജയില്‍ കവാടത്തിനോട് ചേര്‍ന്നാണ് ഇപ്പോള്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുന്നത്. പരിശീലനം ലഭിച്ച അന്തേവാസികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ജയില് ഡിഐജി സാം തങ്കയ്യന്റെ മുടിവെട്ടിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
നേരത്തെ പൂജപ്പുരയിലും കണ്ണൂരിലും വിജയമായത് കണ്ടാണ് വിയ്യൂരിലും ബ്യൂട്ടി പാര്‍ലര്‍ സജ്ജമാക്കിയത്. 5 ലക്ഷം ചെലവഴിച്ചാണ് പുതിയ കെട്ടിടത്തില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയിരിക്കുനന്നത്. പുറത്തുളള ബ്യൂട്ടിപാര്‍ലറുകളേക്കാള്‍ ചുരുങ്ങിയ ചെലവില്‍ മുഖം മിനുക്കാനും മുടിവെട്ടാനുമുള്ള സൗകര്യമാണ് ഇവിടത്തെ ആകര്‍ഷണം.