കോഴിക്കോട്: കെ.ടി ജലീലിനെ രക്ഷിക്കാനുള്ള വെപ്രാളത്തിനിടെ വിഡ്ഢിത്തം വിളമ്പി ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്. യുഎഇ മുസ്‌ലിങ്ങളുടെ വിശുദ്ധ രാജ്യമാണെന്നാണ് ജെയ്ക്കിന്റെ പുതിയ കണ്ടെത്തല്‍. മനോരമ ചാനല്‍ ചര്‍ച്ചക്കിടെയാണ് ജെയ്ക്കിന്റെ വിചിത്ര വാദം. തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഇതിനെക്കുറിച്ച് ജെയ്ക്കിന്റെ വിശദീകരണം. അറബ് രാജ്യങ്ങളോട് മൊത്തത്തില്‍ മുസ് ലിങ്ങള്‍ക്ക് വിശുദ്ധമായ ഒരു അടുപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കെ.ടി ജലീലിന്റെ വാക്കുകള്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് അദ്ദേഹം പദവിയില്‍ തുടരുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളില്‍ ഭദ്രമായുണ്ട് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത് സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തു എന്നാണ്. നേരത്തെ മന്ത്രി പറഞ്ഞതില്‍ നിന്ന് ഇതിന് വൈരുദ്ധ്യമുണ്ട്. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലില്‍ പാര്‍സലുകളുടെ ഭാരത്തില്‍ വ്യത്യാസം വന്നപ്പോള്‍ അത് മറികടക്കാനാണ് ഖുര്‍ആന്റെ 24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.
തെളിവ് നശിപ്പിക്കാനായി സി ആപ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ നിരവധി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും തനിക്ക് അനുകൂലമാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വെച്ച് നോക്കുമ്പോള്‍ 20 കിലോയുടെ കുറവുണ്ട്. ഇത് സ്വര്‍ണമാണോയെന്ന് സംശയിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.