ഭോപ്പാല്‍: സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ മറുപടിയായി ജെയ് ഹിന്ദ് പറയണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഈ ഉത്തരവ്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ദേശാഭിമാനം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു നീക്കമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ഈ അധ്യായന വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
ഹാജറില്‍ പേര് വിളിക്കുമ്പോള്‍ പ്രസന്റ് സാര്‍ എന്നതിനു പകരം ജെയ് ഹിന്ദ് എന്നു പറയണമെന്നാണ് നിര്‍ദേശം. നേരത്തെ 2017 നവംബറില്‍ ഹാജറിലെ മറുപടി മാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിജയ ഷാ പറഞ്ഞിരുന്നു. മന്ത്രിയുടെ ഈ പ്രഖ്യാപനത്തിനനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
സംസ്ഥാനത്തെ 1.22 ലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളിലും ഇത് നടപ്പിലാക്കും. സ്വകാര്യ സ്‌കൂളുകളിലും ജെയ്ഹിന്ദ് സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.