ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങി കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്.
കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിക്കുകയായിരുന്നു. ഹര്‍ഷാരവത്തോടെ സദസ് അദ്ദേഹത്തെ സ്വീകരിച്ചു. എന്നാല്‍ പുരസ്‌കാരം നിരസിക്കുന്നതായി അദ്ദേഹം പറഞ്ഞു. നമ്മുടെ കര്‍ഷകര്‍ തെരുവില്‍ കഴിയുമ്പോള്‍ എന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വേദിയില്‍ വച്ച് പറഞ്ഞു.
ഞങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു എന്ന മുദ്രാവാക്യം വേദിയില്‍ വിളിച്ചതിന് ശേഷം സീറ്റില്‍ പോയിരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ സംഘാടകര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുവെങ്കിലും വിസമ്മതിക്കുകയായിരുന്നു.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ സംഘാടകരെ അദ്ദേഹം ഏല്‍പ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്.