ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ലഖ്‌നൗ കോടതി വെറുതെവിട്ടതിന് പിന്നാലെ വെല്ലുവിളിയുമായി കേസില്‍ പ്രതിയായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍. ബാബരി മസ്ജിദ് തകര്‍ത്തത് ഞങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു എന്ന് ഗോയല്‍ പറഞ്ഞു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വിധി വന്നപ്പോള്‍ തന്നെ ജയ് ശ്രീരാം വിളികളുമായി ഗോയല്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു. പള്ളി പൊളിച്ചത് ഞങ്ങളാണ്. അത് പൊളിച്ചില്ലായിരുന്നെങ്കില്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. അടുത്തത് കാശിയും മഥുരയുമാണ് ഞങ്ങളുടെ ലക്ഷ്യം. സിബിഐ അപ്പീല്‍ പോവുന്നതില്‍ ആശങ്കയില്ല. കോടതിയെക്കാള്‍ വലുതല്ല സിബിഐ എന്നും അദ്ദേഹം പറഞ്ഞു.
ലഖ്‌നൗ സിബിഐ കോടതിയാണ് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെവിട്ടുകൊണ്ട് വിധി പറഞ്ഞത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ക്കൊന്നും ബാബരി മസ്ജിദ് തകര്‍ത്തതില്‍ പങ്കില്ലെന്നാണ് കോടതി കണ്ടെത്തല്‍. ഒരു കൂട്ടം സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. അവരെ തടയാന്‍ ശ്രമിക്കുകയാണ് നേതാക്കള്‍ ചെയ്തതെന്നും കോടതി പറഞ്ഞു.