ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവില്ലാത്ത നീക്കവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തന്റെ മന്ത്രിസഭയിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചു കൊണ്ടാണ് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. പട്ടിക ജാതി, പട്ടിക വർഗം, പിന്നാക്ക വർഗം, ന്യൂനപക്ഷം, കാപു എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോരുത്തരെ വീതം ഉപമുഖ്യമന്ത്രിയാക്കാൻ ജഗൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ തന്റെ മന്ത്രിസഭയിലെ പകുതി അംഗങ്ങളും പിന്നാക്ക വിഭാഗത്തിൽ നിന്നായിരിക്കണമെന്ന തീരുമാനവും ജഗൻ കൈക്കൊണ്ടിട്ടുണ്ട്.
ഉപമുഖ്യമന്ത്രിമാരിൽ കാപു ഒഴികെയുള്ള വിഭാഗങ്ങളെല്ലാം പിന്നാക്ക വിഭാഗങ്ങളാണ്. എല്ലാവർക്കും ഭരണത്തിൽ തുല്യ പ്രാതിനിധ്യം നൽകുക എന്നത് ലക്ഷ്യമാക്കിയാണ് ഈ നീക്കമെന്നാണ് സൂചന. മുന്നാക്ക വിഭാഗമായ കാപു ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, വിജയനഗരം ജില്ലകളിലെ പ്രബല സമുദായമാണ്. കാപു സമുദായത്തിന്റെ വോട്ട് ഏകീകരണം ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിന്റെ മികച്ച വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
സർക്കാർ ഉദ്യോഗങ്ങളിൽ തങ്ങൾക്ക് സംവരണം നൽകണമെന്നാവശ്യപ്പെട്ട് കാപു വിഭാഗം കാലങ്ങളായി സമരത്തിലാണ്. ഇതേത്തുടർന്ന് തന്റെ സർക്കാറിന്റെ കാലാവധി പൂർത്തിയാകുംമുമ്പ് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ കാപു സമുദായത്തിന് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ ചന്ദ്രബാബു നായിഡു സർക്കാർ അവതരിപ്പിച്ചിരുന്നു. അതേസമയം, കാപു സമുദായത്തിന് സംവരണം വാഗ്ദാനം ചെയ്യാൻ തനിക്കു കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജഗൻ മോഹൻ റെഡ്ഡി പറഞ്ഞിരുന്നത്.
25 അംഗങ്ങളായിരിക്കും ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രിസഭയിലുണ്ടാവുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതിൽ പകുതിയും പിന്നാക്ക വിഭാഗങ്ങളുടെ പ്രതിനിധികളായിരിക്കും. രണ്ടു വർഷം കഴിഞ്ഞാൽ മന്ത്രിസഭാ പുനഃസംഘാടനം നടത്താനും യുവാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം നൽകാനും തീരുമാനമുണ്ട്.