താരസംഘടനയായ അമ്മയുടെ താത്കാലിക കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും ജഗദീഷ് ലെഫ്റ്റ് ആയി. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് ജഗദീഷ് സ്വയം ഒഴിവായത്. താത്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം അഡ്ഹോക് കമ്മിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് വിളിക്കാത്തതിൽ ഉൾപ്പെടെയുള്ള അതൃപ്തി പരസ്യമാക്കിയാണ് ജഗദീഷ് ലെഫ്റ്റായതെന്നായിരുന്നു റിപ്പോർട്ടുകൾ.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം അമ്മയിലെ തിരുത്തൽശക്തിയായി ഉറച്ച നിലപാടുകളുമായി രംഗത്തെത്തിയ ജഗദീഷ് സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന് നിരവധി പേർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായ സംഭവം സജീവ ചർച്ചയായിരിക്കുന്നത്.