തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ. ജേക്കബ് തോമസിനെതിരെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാവും നല്ലതെന്നും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ശിപാര്‍ശ നല്‍കി. വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡയരക്ടറുടെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഡിസംബര്‍ ആദ്യമായിരുന്നു കെ.എം എബ്രഹാം ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ജേക്കബ് തോമസിനെ മാറ്റണമെന്ന ശിപാര്‍ശ പ്രകാരം റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിന് കൈമാറി. ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഫയലില്‍ കുറിച്ചു. ഡിസംബര്‍ അവസാനത്തോടെ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. എന്നാല്‍ അതില്‍ നടപടി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഡയരക്ടറുടെ അഭിപ്രായം തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മണ്ണുമാന്തി യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ വ്യാജരേഖ ചമച്ച് വിദേശ കമ്പനിയെ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാനുളള ടെണ്ടറില്‍ ഐ.എച്ച്.എല്‍ ബീവര്‍ എന്ന വിദേശ കമ്പനി മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമേ ഉളളൂവെങ്കില്‍ റീ ടെണ്ടര്‍ നടത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ റീ ടെണ്ടര്‍ നടത്താതെ നടത്തിയെന്ന് രേഖയുണ്ടാക്കി വിദേശ കമ്പനിയെ സഹായിച്ചുവെന്ന് തെളിവുസഹിതം റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഇതുകാരണം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. മണ്ണുമാന്തി യന്ത്രത്തിന് സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമാക്കുന്നതിനും വാര്‍ഷിക അറ്റകുറ്റപ്പണിക്കുമുള്ള വ്യവസ്ഥ കരാറിലുണ്ടായിരുന്നു. എന്നാല്‍ ഉപകരണങ്ങളൊന്നും നല്‍കാതെ മേല്‍നോട്ടം മാത്രമാണ് കമ്പനി ചെയ്തത്. ഇതില്‍ മാത്രം മൂന്നരക്കോടിയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.