തിരുവനന്തപുരം: രണ്ട് വര്‍ഷത്തോളമായി സര്‍വീസില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുത്തേക്കും. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള അഡിമിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടി വരുമെന്നാണ് ഫയലില്‍ പറയുന്നത്. ചീഫ് സെക്രട്ടറിയുടെ പരിഗണനയിലുള്ള ഫയലില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും.
കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്ത് തിരിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ച് കോടതിയലക്ഷ്യം ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതില്‍ വാക്കാല്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി ഫയല്‍ കൈമാറിയത്.
എന്നാല്‍ ഇത് കോടതിയലക്ഷ്യത്തെ നേരിടാനുള്ള നീക്കമായും വിലയിരുത്താം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ ആണ് ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. അപ്പീല്‍ പോകുന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിലും മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ജേക്കബ് തോമസിനെതിരെ അഴിമതി കേസ് നിലനില്‍ക്കുന്നതും ആഭ്യന്തര സെക്രട്ടറി കൈമാറിയ ഫയലില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.