X
    Categories: MoreViews

ചിലരെ തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെ: പരസ്യപ്രതികരണവുമായി ജേക്കബ് തോമസ്

 

കൊച്ചി:പലരെയും തൊട്ടാല്‍ കൈപൊള്ളുമെന്ന് മനസ്സിലായത് അടുത്തിടെയാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് സ്ഥാനത്ത് നിന്നും നീക്കപ്പെട്ട ജേക്കബ് തോമസ് നീണ്ട മൗനം വെടിഞ്ഞ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തിലല്ല, രാഷ്ട്രീയമായ അഴിമതിയാണ് കേരളത്തിലെ പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന സംഘടിപ്പിച്ച ‘ അഴിമതി വിരുദ്ധ ഭരണം’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്

ബന്ധുനിയമനത്തെ സംബന്ധിച്ചും ജേക്കബ് തോമസ് തുറന്നടിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗാര്‍ഥികള്‍ ക്യൂ നില്‍ക്കുമ്പോള്‍ ബന്ധുനിയമനം വേണമോയെന്ന് ജനങ്ങള്‍ സര്‍ക്കാറിനോട് ചോദിക്കണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരുമായി ബന്ധപ്പെട്ട് വിവാദമായ ബന്ധുനിയമനങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്.

അടി കിട്ടുമോ എന്ന പേടിച്ച് മിണ്ടാതിരിക്കുന്നത് ഉചിതമല്ലെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തുറന്നു പറഞ്ഞു. നേരത്തേ, ഇപി ജയരാജന്റെ രാജി വരെ കൊണ്ടെത്തിച്ച വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന വിലയിരുത്തലോടുകൂടെയാണ് ജേക്കബ് തോമസ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക അനഭിമതനായിത്തീരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

തല്‍സ്ഥാനത്തേക്ക് ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിന് താന്‍ തിരിച്ചു വരുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്, അത് ഒരുപക്ഷേ സത്യമായിരിക്കുമെന്നും തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും ജേക്കബ് തോമസ് മറുപടി പറഞ്ഞു.

ഇനിയും മൂന്ന് വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് ഇനി തിരിച്ചുവന്നേക്കില്ലെന്ന സൂചന നല്‍കി അധ്യാപനമുള്‍പ്പടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

chandrika: