X

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്‌

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി ജേക്കബ്ബ് തോമസ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ജേക്കബ്ബ് തോമസിന്റെ ആത്മകഥയിലാണ് അദ്ദേഹം പിണറായി വിജയനെക്കുറിച്ച് പറയുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. മന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച പിണറായി കേരളത്തെ നയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ജേക്കബ്ബ് തോമസ് പറയുന്നു. ജനവിരുദ്ധന്‍, മനസിന് സുഖമില്ലാത്തവന്‍, തലതിരിഞ്ഞ രീതിക്കാരന്‍ എന്നീ പരാമര്‍ശങ്ങള്‍ക്ക് താന്‍ വിധേയനായെങ്കിലും തന്റെ നിലപാടുകള്‍ ശരിയായിരുന്നെന്നും ജേക്കബ്ബ് തോമസ് പറയുന്നു. ജൂനിയറായ ശങ്കര്‍ റെഡ്ഡിക്ക് വിജിലന്‍സ് ഡയരക്ടര്‍ പദവി നല്‍കിയത് നടപടി ക്രമം തെറ്റിച്ചാണ്. എന്നാല്‍ തന്നെ വിജലന്‍സ് ഡയരക്ടറാക്കിയത് ആനുകൂലമായല്ല അര്‍ഹത ഉണ്ടായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും ദുരനുഭവങ്ങളുമാണ് ജേക്കബ്ബ് തോമസിന്റെ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. നേരത്തെ പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശം പുറത്തുവന്നിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്റെ കഷ്ടകാലം ആരംഭിച്ചതെന്നായിരുന്നു പുസ്തകത്തിലുണ്ടായിരുന്ന പരാമര്‍ശം.

chandrika: