തിരുവനന്തുപരം: ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവെച്ച 2016 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് തുറമുഖ വകുപ്പ് ഡയറക്ടറെ വെട്ടിലാക്കുന്ന പരാമര്‍ശമുള്ളത്.
ഡയറക്ടറേറ്റ് വലിയതുറയില്‍ നടപ്പിലാക്കിയ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായും കെട്ടിടം നിര്‍മിക്കാനായി സ്ഥലം തെരഞ്ഞെടുത്തതില്‍ പ്രായോഗികതാ പഠനം നടത്തിയിരുന്നില്ലെന്നും കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ എ.ജി ഡോ.അമര്‍ പട്‌നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. ഇതുകാരണം സാധാരണ നിരക്കിന്റെ മൂന്നിരട്ടിയായ 2.4 ലക്ഷം വാര്‍ഷിക നികുതി അടക്കാന്‍ വകുപ്പ് ബാധ്യസ്ഥമായി. ഈ തുക 2017 മാര്‍ച്ചുമാസം വരെ അടച്ചിട്ടുമില്ല. സര്‍ക്കാറിനെ ഇക്കാര്യത്തില്‍ ഡയറക്ടര്‍ വഴിതെറ്റിച്ചു. 1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമാണ്. പുതിയ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ലാന്റ്‌സ്‌കേപ്പിംഗിനും ഉദ്യാനം ഒരുക്കുന്നതിനുമായി ഡയറക്ടര്‍ 8.30 ലക്ഷം മുന്‍കൂറായി കെ.പി.എച്ച്.സിയെ ഏല്‍പിച്ചു. എന്നാല്‍ 6.73 ലക്ഷത്തിനാണ് പണി പൂര്‍ത്തിയാക്കിയത്. ഉദ്യാനത്തിന്റെയും മറ്റും പരിപാലനത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പെടുത്തണമെന്ന് കെ.പി.എച്ച്.സി, ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡയറക്ടര്‍ യാതൊരു ക്രമീകരണവും ചെയ്തില്ല.
പി.ഡബ്ല്യു.ഡി മാനുവല്‍ പ്രകാരം കെട്ടിടത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലം ഉദ്ദിഷ്ട കാര്യത്തിന് അനുയോജ്യമായതും എന്താവശ്യത്തിനാണോ നിര്‍മിക്കുന്നത് അതിനു സൗകര്യപ്രദവും ആയിരിക്കണം. ശക്തമായ കാറ്റിനോ മറ്റ് പ്രകൃതി ക്ഷോഭത്തിനോ കെട്ടിടം വിധേയമാകുന്നതല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാല്‍ ഡയറക്ടറേറ്റ് മന്ദിരം കടല്‍ത്തീരത്ത് തിരമാല ഒഴുകിയെത്തുന്ന ഭാഗത്തുനിന്ന് 30 മീറ്ററിനുള്ളിലാണ്. ഇത് ശക്തമായ കാറ്റിനും ലവണാംശമുള്ള അന്തരീക്ഷത്തിനും വിധേയമാണെന്ന് സി.എ.ജി കണ്ടെത്തി.
തുറമുഖ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാന മന്ദിരം നിര്‍മിച്ചതില്‍ ക്രമക്കേടെന്ന് സി.എ.ജി
Tags: jacob thomas