ശ്രീനനഗര്‍: ജമ്മു കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീര്‍ ടൈംസിന്റെ ഓഫീസ് പൂട്ടി സംസ്ഥാന ഭരണകൂടം. ശ്രീനഗര്‍ റസിഡന്‍സി റോഡിലെ ഓഫീസാണ് പൂട്ടിയത്. തിങ്കളാഴ്ച വൈകിട്ടാണ് അധികൃതരത്തെ ഓഫീസിനും പ്രസിനും താഴിട്ടത്.
ജമ്മുവാണ് പത്രത്തിന്റെ ആസ്ഥാനം. ജമ്മുവില്‍ നിന്നും കശ്മീരില്‍ നിന്നും പത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ നടപടിയെന്ന് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാഥ ഭാസിന്‍ പറഞ്ഞു. കെട്ടിടം ഒിയുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി.
എസ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ കെട്ടിടത്തിലാണ് ശ്രീനഗറില്‍ പത്രം പ്രവര്‍ത്തിക്കുന്നത്. 1990കളിലാണ് പത്രത്തിന് ഈ കെട്ടിടം അനുവദിച്ചത്.
നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്. പത്രത്തിനുള്ള പരസ്യങ്ങളും സര്‍ക്കാര്‍ ഈയിടെ നിര്‍ത്തലാക്കിയിരുന്നു.
അതേസമയം, തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തിരിച്ചെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് എസ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാഷ്ട്രീയ കക്ഷി നേതാക്കളായ ഉമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും രംഗത്തെത്തി.