കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി .ആനക്കൊമ്പ് സുക്ഷിക്കാന്‍ മോഹന്‍ലാലിന് മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതി നല്‍കിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
കേസില്‍ മോഹന്‍ലാലിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വെച്ച നടപടി വനംവന്യജീവി നിയമത്തിലെ സെക്ഷന്‍ 31 ന്റെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. കേസിലുള്‍പ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വെക്കാന്‍ മുഖ്യവനപാലകന്‍ നിയമസാധുത നല്‍കിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നല്‍കണം. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നല്‍കാനാവുമെന്നും കോടതി ചോദിച്ചു.
ആനക്കൊമ്പ് കൈവശം വെക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെക്കുന്നത് 3 വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2012 ജൂണില്‍ മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ആനക്കൊമ്പുകള്‍ വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.