കോഴിക്കോട്: മലയാള സിനിമയില്‍ ഒത്തിരി സൂപ്പര്‍താരങ്ങളെ നിര്‍മിച്ചെടുത്ത ഐ വി ശശിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘വാര്‍ത്ത’യുടെ ചുമരെഴുത്ത് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും കോഴിക്കോട് നഗരത്തില്‍ ചന്ദ്രികയ്ക്ക് സമീപത്തെ സി.എച്ച് ഓവര്‍ ബ്രിഡ്ജിലുണ്ട്.
1986ല്‍ ആണ് ടി ദാമോദരന്‍ രചിച്ച് പി വി ഗംഗാധരന്‍ നിര്‍മിച്ച് എ വി ശശി സംവിധാനം ചെയ്ത ‘വാര്‍ത്ത’ റിലീസ് ആവുന്നത്. അതിന് ശേഷം ഒത്തിരി ചിത്രങ്ങള്‍ വന്നു പോയെങ്കിലും വ്യത്യസ്തമായ പ്രമേയത്തിലൂടെ, വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്‍ച്ചാ വഴികള്‍ താണ്ടിയ എന്നെത്തെയും മാസ്റ്റര്‍ ഡയറക്ടര്‍ ഐ.വി. ശശിയുടെ വാര്‍ത്തയുടെ ചുമരെഴുത്ത് മായാതെ കിടന്നു.
സാംസ്‌ക്കാരിക പൈതൃകങ്ങളെ കേട് വരാതെ സൂക്ഷിക്കുന്ന കോഴിക്കോട്ടുകാര്‍ക്ക് ഈ സിനിമ പരസ്യം എന്നും ഐ.വിയെ ഓര്‍ക്കാനുള്ള ചുമരെഴുത്തായി മായാതെ കിടക്കും.
മമ്മൂട്ടി മോഹന്‍ലാല്‍,പത്മരാജന്‍, വേണു നാഗവല്ലി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വാര്‍ത്ത. ഈ ചിത്രത്തെ തമിഴിലും ഹിന്ദിയിലും മൊഴിമാറ്റിയിട്ടുണ്ട്. ബിച്ചു തിരുമല രചിച്ച് എ ടി ഉമ്മര്‍ സംവിധാനം നല്‍കിയ മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ഇന്നലകള്‍ ഇരുവഴിയെ പോയി എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചത് കെ. ജെ യേശുദാസായിരുന്നു. സലിലം ശ്രുതി സാഗരം എന്ന് തുടങ്ങുന്ന മറ്റൊരു മനോഹരഗാനം കൂടി കെ ജെ യേശുദാസും ആശാ ലതയും ചിത്രത്തിന് വേണ്ടി ആലപിച്ചിട്ടുണ്ട്. ബോക്‌സഓഫീസിലെ വന്‍ വിജയമായിരുന്നു വാര്‍ത്ത.
മമ്മൂട്ടിയെ നായകനാക്കി കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ ട്രേഡ് യൂണിയന്‍ രാഷ്ട്രീയം പ്രമേയമാക്കി സിനിമ ചെയ്യണമെന്ന മോഹം ബാക്കിയാക്കിയാണ്, അഭ്രപാളികളില്‍ പരീക്ഷണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച ഐ വി ശശിയെന്ന മാസ്റ്റര്‍ സംവിധായകന്‍ വിടവാങ്ങുന്നത്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ആ 150 സിനിമകളുണ്ട്. അവ ഓരോന്നോരോന്നോരോന്നായി മലയാളികളുടെ മനസിന്റെ തിരശ്ശീലയില്‍ എന്നെന്നും ഓടിക്കൊണ്ടേയിരിക്കും. അവിടെ ഒരിക്കലും മങ്ങാത്ത മഞ്ഞനിറമുള്ള അക്ഷരങ്ങളില്‍ ‘സംവിധാനം ഐ വി ശശി’ എന്ന ടൈറ്റില്‍ കാര്‍ഡും
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഇദ്ദേഹം മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി യുടെ തുടക്കം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.