X
    Categories: Video Stories

ഐ.വി ശശിയുടെ വിയോഗം ‘ചന്ദ്രിക’യുടെ നഷ്ടം

കോഴിക്കോട്: ‘ചന്ദ്രിക’യുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു അന്തരിച്ച സംവിധായകന്‍ ഐ.വി ശശി. ചന്ദ്രിക ആഴ്ചപ്പതിപ്പിനു വേണ്ടി നിരവധി ചിത്രങ്ങള്‍ വരച്ച അദ്ദേഹം പത്രാധിപരായിരുന്ന സി.എച്ച് മുഹമ്മദ് കോയക്കും പ്രിയപ്പെട്ടയാളായിരുന്നു. ശശിയുമായുള്ള ബന്ധത്തെ ചന്ദ്രിക ആഴ്ചപ്പതിപ്പ് മുന്‍ പത്രാധിപര്‍ കാനേഷ് പൂനൂര്‍ ഓര്‍ത്തെടുക്കുന്നതിങ്ങനെ:

‘കോഴിക്കോട്ടെ ചിത്രകലാ കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ഐ.വി ശശി മികച്ചൊരു ചിത്രകാരനായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും വളരെ മുമ്പേ സൗഹൃദമുണ്ടെനിക്ക്.

ആലപ്പുഴ ഷെറീഫ് എഴുതിയ ‘നിറങ്ങള്‍’ എന്ന നോവലിനു വേണ്ടി ശശി വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശശിയുടെ വര ഇഷ്ടമായിരുന്ന സി.എച്ച് മുഹമ്മദ് കോയ അദ്ദേഹത്തെ പ്രശംസിക്കാറുണ്ടായിരുന്നു. ‘നിറങ്ങള്‍’ പിന്നീട് കാറ്റുവിതച്ചവന്‍ എന്ന പേരില്‍ സിനിമയായി.

അക്കാലത്ത് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് നടക്കാന്‍ പോകും. ഷെറീഫിന്റെ തിരക്കഥകള്‍ അദ്ദേഹത്തിന് മനഃപാഠമായിരുന്നു. അതിലെ കഥകളെല്ലാം അദ്ദേഹം പറഞ്ഞു തരും.

ആര്‍ട്ട് ഡയറക്ടര്‍ ആയിരിക്കെ തന്നെ, ഐ.വി ശശിയുടെ പ്രതിഭ ചലച്ചിത്ര ലോകത്തെങ്ങും പ്രസിദ്ധമായിരുന്നു. എ. വിന്‍സന്റ് സംവിധാനം ചെയ്ത ‘ഭാര്‍ഗവീ നിലയ’ത്തിലെ നായികയായ വിജയ നിര്‍മല ‘കവിത’ എന്ന പേരില്‍ സിനിമ സംവിധാനം ചെയ്തപ്പോള്‍, അതിനു പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ശശിയായിരുന്നു. പൂവച്ചല്‍ ഖാദര്‍ ആദ്യമായി ഒരു സിനിമക്കു വേണ്ടി എഴുതുന്നത് ‘കവിത’യിലാണ്. പാട്ടുകളെല്ലാം ഭാസ്‌കരന്‍ മാഷെ ഏല്‍പ്പിച്ചപ്പോള്‍ ഒരു കവിത എഴുതാനാണ് പൂവച്ചലിനെ ഐ.വി ശശി ഏല്‍പ്പിച്ചത്. സൗഹൃദങ്ങളെ അദ്ദേഹം അത്രമാത്രം വിലമതിച്ചിരുന്നു.

മദ്രാസില്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ എന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അമ്മയെയും സഹോദരിയെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു.

പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമായി ഫണ്ട് ശേഖരണാര്‍ത്ഥം മലപ്പുറം മൂസയും പുത്തൂര്‍ മുഹമ്മദും മറ്റും ഒന്നിച്ച് മദ്രാസില്‍ പോയപ്പോള്‍, സ്വീകരിക്കാന്‍ ശശി അതിരാവിലെ എത്തിയതോര്‍ക്കുന്നു.’

ചന്ദ്രിക വെബ് ഡെസ്‌ക്‌: